Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ നിയമസഭയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഒരുകുറ്റവാളികളെയും സംരക്ഷിക്കാന്‍ നിന്നിട്ടില്ലെന്നും ആരു തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങള്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ ഗൗരമായ പരിശോധന നടക്കണമെന്നാണ് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡും വകുപ്പും സ്വീകരിച്ച നിലപാട്. ഹൈക്കോടതി നിയോഗിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു പിന്നിലും രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കും. കുറ്റവാളി രക്ഷപ്പെടില്ല. ഒന്നും പറയാനില്ലാത്തതിനാലാണ് സഭയില്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്. പ്രതിപക്ഷം പുറമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഇന്നും ശബരിമല വിഷയത്തില്‍ പ്രതിപക്ഷം സഭ വിട്ടു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇതിനു പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷാംഗങ്ങളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: വെട്ടിക്കുറച്ച വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ശൈത്യകാല ഷെഡ്യൂളില്‍ വന്ന കുറവ് നികത്തുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിമാന കമ്പനി അധികൃതര്‍ നിലപാട് അറിയിച്ചത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഴ്ചയിൽ 42 വിമാന സർവീസുകളുടെ കുറവുണ്ട്. കോഴിക്കോടും കൊച്ചിയിലും നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവു വരുത്തി.
അതേസമയം കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടുകയാണ്. അവയിൽ പലതും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. അതുവഴി കേരളത്തിന്റെ പൊതു അടിസ്ഥാന സൗകര്യങ്ങളോട് വിവേചനം കാണിക്കുന്നു.
ആവശ്യകത കൂടുതലുള്ള സമയത്ത് സേവനം വെട്ടിക്കുറക്കുന്നത് നീതീകരിക്കാനാവില്ല. ഗൾഫ് മേഖലയിൽ രണ്ടര ദശലക്ഷത്തിലധികം പ്രവാസികളുള്ള കേരളത്തെ സേവനങ്ങളിലെ തടസമോ കുറവോ വലിയ രീതിയിലാണ് ബാധിക്കുന്നത്.
കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള റദ്ദാക്കിയ വിമാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും കേരളത്തിൽ വേരുകളുള്ള ദേശീയ വിമാന കന്പനി എന്ന നിലയിൽ എയർ ഇന്ത്യ എക്സ് പ്രസ് സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാന ദുര്‍ഭരണത്തിന്റെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം കൂടുന്നു. സ്ത്രീകള്‍ കേരളത്തില്‍ എവിടെവച്ചും ആക്രമിക്കപ്പെടാമെന്ന സ്ഥിതിയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ലഹരിയുടെ തലസ്ഥാനമായി കേരളം മാറി. ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം കൊടുക്കുന്നത് സിപിഎമ്മാണ്. ഏറ്റവുമധികം ലഹരി രാജ്യത്ത് വില്ക്കുന്നതില് ഒരു സംസ്ഥാനമാണ് കേരളമെന്നും സതീശൻ കൂട്ടിച്ചേർത്തു.
വിലക്കയറ്റം വന്നപ്പോള്‍ വെറുതെ നോക്കിനിന്നവരാണ് പിണറായി സര്‍ക്കാര്‍. സപ്ലൈകോയെ തകര്‍ത്തു തരിപ്പണമാക്കി. നൂലും സൂചിയും പഞ്ഞിയും വാങ്ങിക്കൊണ്ട് മാത്രമേ ആശുപത്രിയില്‍ പോകാന്‍ കഴിയൂ എന്നും അദ്ദേഹം പരിഹസിച്ചു.
Kerala
കണ്ണൂർ: കേരളത്തിൽ ബിജെപിക്കും വർഗീയ ശക്തികൾക്കും ഇടം നൽകുന്ന പരിപാടിയാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപി യാത്ര ചെയ്യുന്ന അതേ വഴിയിലൂടെയാണ് സിപിഎം യാത്ര ചെയ്യുന്നത്. ഈ വർഗീയ വാദത്തെ പൊളിച്ചു കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്വേഷം പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ആളുകളെ ആനയിച്ച് വേദിയിലേക്ക് കൊണ്ടുവന്നു. എന്ത് സന്ദേശമാണ് സിപിഎം കൊടുക്കാൻ ആഗ്രഹിക്കുന്നത്. ആരു വർഗീയത പറഞ്ഞാലും യുഡിഎഫ് എതിർക്കും. അതിന്റെ പേരിൽ എന്തു നഷ്ടം വന്നാലും സഹിക്കും. മതേതര മൂല്യങ്ങളെ താത്കാലിക ലാഭത്തിന് വേണ്ടി വിറ്റ് കാശാക്കില്ല.
മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോൾ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് ഒരു മന്ത്രി കോൾമയിർ കൊള്ളുകയാണ്. യുഡിഎഫ് ഭരണകാലത്താണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്താകുമായിരുന്നു കേരളത്തിൽ സിപിഎമ്മിന്റെ പ്രചാരണം. യോഗി ആദിത്യനാഥ് പിണറായി വിജയന് പറ്റിയ കൂട്ടുകാരനാണെന്നും സതീശൻ പറഞ്ഞു.
അയ്യപ്പ സംഗമം ഏഴുനിലയിൽ പൊട്ടിപ്പോയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുഡിഎഫ് മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങൾ സർക്കാരിനോട് ചോദിച്ചു. പത്താം വർഷത്തിൽ പെട്ടന്ന് എവിടുന്നാണ് അയ്യപ്പഭക്തി ഉണ്ടായത് ? കോടതിയിൽ കൊടുത്ത സത്യവാങ്മൂലം തിരുത്താൻ തയാറാകുമോ ? നാമജപ ഘോഷയാത്രകൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമോ ? പത്താമത്തെ വർഷം തെരഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമല മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
എൻഎസ്എസുമായോ എസ്എൻഡിപിയുമോ യാതൊരു തർക്കവുമില്ല. സമദൂര സിദ്ധാന്തമാണ് അവരുടേതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എൻഎസ്എസുമായി യാതൊരു തെറ്റിദ്ധാരണയുമില്ല. എൻഎസ്എസ് അടക്കമുള്ള സമുദായ സംഘടനകൾക്ക് എന്തു തീരുമാനവും എടുക്കാം. അതിൽ പരാതിയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ എത്തിച്ച് ആചാരലംഘനം നടത്തിയത് പിണറായി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
വിശ്വാസ സംരക്ഷണമാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതില്‍ ഉറച്ച് മുന്നോട്ട് പോകും. എന്‍എസ്എസിന്റെ നിലപാടിനെ ചോദ്യം ചെയ്യില്ല. സമുദായ സംഘടനകള്‍ക്ക് അഭിപ്രായങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പസംഗമം പരാജയമായിരുന്നു. ബദല്‍ സംഗമം നടത്താന്‍ വഴിവച്ചത് സര്‍ക്കാരിന്റെ ചെയ്തികളാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ച് നാടിന്റെ പുരോഗതിക്കായി വലിയ സംഭാവന നല്‍കുന്നവരാണ് പ്രവാസി സമൂഹമെന്നും അവരുടെ കഠിനാധ്വാനവും ത്യാഗവും നാടിന്റെ വികസനത്തിന് വലിയ സഹായമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ തന്നെ പ്രവാസികളെ ചേർത്തുപിടിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്കായുളള "നോർക്ക കെയർ’ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടത്. പ്രവാസികൾക്ക് മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്. അംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
ഒട്ടേറെ ഇൻഷുറൻസ് പദ്ധികളുമായി താരതമ്യം ചെയ്യുന്പോൾ പ്രീമിയം നിരക്കിന്റെ കുറവ് ഈ പദ്ധതിയുടെ ആകർഷണമാണ്. മറ്റൊരു പ്രത്യേകത കേരളത്തിൽ അഞ്ഞൂറിലധികം ആശുപത്രികളിലൂടെ ഈ ഇൻഷുറൻസ് പദ്ധതിയിലൂടെ ചികിത്സാ സൗകര്യം ഉറപ്പാക്കുന്നുവെന്നതാണ്.
നിലവിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആശുപത്രികളിലും ഇൻഷുറൻസ് കാർഡ് ഉപയോഗിച്ച് ചികിത്സ തേടാം. ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കും.
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുക, അവർക്ക് ആവശ്യമായ സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നല്‍കുക എന്നീ കാര്യത്തിൽ കേരളം മികച്ച മാതൃകയാണ്. കഴിഞ്ഞ ദശാബ്ധകാലത്തെ അനുഭവമെടുത്താൽ പ്രവാസികളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും താങ്ങും തണലുമായി നില്ക്കാൻ സർക്കാരിനു കഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നോർക്കയുടെ വിവിധ പ്രവർത്തനങ്ങളിലൂടെ ലോകത്തെ മലയാളികളെ ഒരുമിപ്പിച്ചു നിർത്തുന്നുവെന്ന് അധ്യക്ഷപ്രസംഗം നടത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. മലയാളികൾക്കു ഒന്നിച്ചു ചേരാനുള്ള വേദിയായി ലോക കേരള സഭ മാറി. രക്ഷകർത്താവിനെപ്പോലെ മുഖ്യമന്ത്രി എല്ലാത്തിനും മുന്നിൽ നിന്നു പ്രവർത്തിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നോർക്ക കെയർ മൊബൈൽ ആപ്പും ചടങ്ങിൽ പ്രകാശനം ചെയ്തു. പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പ്രവാസി കുടുംബത്തിനുളള ഇ-കാർഡ് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ കൈമാറി.
നോർക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ, ലോകകേരള സഭാ ഡയറക്ടർ അസിഫ് കെ. യൂസഫ്, നോർക്ക റൂട്ട്സ് ഡയറക്ടർ ഒ.വി. മുസ്തഫ, എൻ.ആർ.ഐ.(കെ) കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് (റിട്ട) സോഫി തോമസ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി. ലില്ലിസ്, ന്യൂ ഇന്ത്യ അഷ്വറൻസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഗിരിജ സുബ്രമണ്യൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി, ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡ് മാനേജിംഗ ഡയറക്ടർ ഡോ. ബാജു ജോർജ് , വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ, വിശിഷ്ടാതിഥികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Kerala
അടൂർ: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലിലാണെന്നും അദ്ദേഹത്തെപ്പോലെ അഹങ്കാരത്തിനു കൈയും കാലുംവച്ച ഒരു നേതാവിനെ കണ്ടിട്ടില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അടൂരിൽ എസ്എൻഡിപി യൂണിയൻ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായത്തിൽപെട്ടവർ അധികാരത്തിൽ വരണമെന്നതാണ് എസ്എൻഡിപിയുടെ ആഗ്രഹം. ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്നായപ്പോൾ ജാതി പറഞ്ഞ് അവരെ ആക്ഷേപിച്ചു. പിണറായിയെ ചെത്തുകാരന്റെ മകനെന്നു പറഞ്ഞ് ആക്ഷേപിച്ചപ്പോൾ താൻ ചെത്തുകാരന്റെ മകൻ തന്നെയാണെന്ന് ധൈര്യത്തോടെ പറഞ്ഞ പിണറായിയുടെ ഇമേജ് വർധിച്ചു വരുന്നത് അവരാരും മനസിലാക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവസമുദായത്തിൽ പെട്ടവർ കൂടുതലും തൊഴിലുറപ്പ് തൊഴിലാളികളാണ്. അതിനു മാറ്റമുണ്ടാകണം. ന്യൂനപക്ഷങ്ങൾക്കാണ് വാരിക്കോരി കൊടുക്കുന്നത്. എല്ലാ സമുദായത്തിൽ പെട്ടവർക്കും സാമൂഹ്യനീതി ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം കൈവരിച്ച കെഎസ്ആർടിസിക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിൽ ആണ് ഇന്ന് കെഎസ്ആർടിസി എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
2025 സെപ്റ്റംബര്‍ എട്ടിനാണ് കെഎസ്ആര്‍ടിസി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ നേട്ടമുണ്ടാക്കിയത്. മുന്‍പ് 2024 ഡിസംബര്‍ 23ന് ശബരിമല സീസണില്‍ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോള്‍ മറികടന്നത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആത്മാർപ്പണവും അധ്വാനവും അത്ഭുതങ്ങൾ സൃഷ്ടിക്കും. കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അർപ്പണ മനോഭാവത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണ്.
നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിൽ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ.
അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആർടിസി പ്രതിദിനം വരുമാനത്തിലും റിക്കാർഡ് നേട്ടവുമായി കുതിക്കുകയാണ്. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് സെപ്റ്റംബർ എട്ടിന് കെഎസ്ആർടിസി കൈവരിച്ചത്.
സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നവീകരണ പ്രവർത്തനങ്ങളാണ് സമീപകാലത്ത് കെഎസ്ആർടിസിയിൽ നടന്നത്. ഈ മാറ്റങ്ങൾ പൊതു ഗതാഗത രംഗത്ത് ഉണ്ടാക്കിയ ചലനത്തിന്റെ തെളിവ് കൂടിയാണ് കെഎസ്ആർടിസി കൈവരിച്ച ചരിത്ര നേട്ടം.
ട്രാവൽ കാർഡ്, യുപിഐ പെയ്മെന്റ് സൗകര്യം, ലൈവ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയ കെഎസ്ആർടിസി സ്വീകരിച്ച പുതു രീതികൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകൾ നിരത്തിലിറക്കി മികവാർന്ന യാത്രാനുഭവം ഒരുക്കാനും കെഎസ്ആർടിസിക്ക് സാധിച്ചു.
മുടങ്ങിക്കിടന്ന പല സർവീസുകളും പുനരാരംഭിച്ചതും വരുമാന വർധനയ്ക്ക് സഹായകമായി. കെഎസ്ആർടിസി പുതുതായി ആരംഭിച്ച വിനോദസഞ്ചാര പാക്കേജുകൾ, ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങി എല്ലാ സേവനങ്ങളും ഏറ്റവും ലളിതവും സുതാര്യവും ആയിരുന്നു. ഇത് കെഎസ്ആർടിസിയുടെ ജനപ്രീതിയും വർദ്ധിപ്പിക്കാൻ കാരണമായി.
കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്ന കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. തകർന്നു പോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച ജീവനക്കാർക്കും മാനേജ്മെന്റിനും നേതൃത്വത്തിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.
Kerala
കൊച്ചി: സംസ്ഥാനത്തെ പോലീസ് മർദനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമർശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ഡിവൈഎഫ്ഐ നേതാവിനു പോലും രക്ഷയില്ലെന്നും പോലീസ് മർദനമാണ് ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുകയാണ്. പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ യോഗ്യതയില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് പരാജയമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ലോകത്തെ എല്ലാ അസുഖവും കേരളത്തിൽ ഉണ്ട്. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ കാരണം കണ്ടെത്താൻ പോലും വകുപ്പിന് കഴിയുന്നില്ല. ബോധവത്കരണം നടത്താൻ പോലും ആരോഗ്യവകുപ്പിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമം കാപട്യമാണെന്നും അത് ജനങ്ങൾ തിരിച്ചറിയുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സിപിഎം ആചാരലംഘനത്തിന് നവോത്ഥാന മതിൽ ഉണ്ടാക്കിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലീസ് കസ്റ്റഡിയിൽ നിന്നുണ്ടായത് ക്രൂരമര്‍ദനമാണെന്നും സതീശൻ പറഞ്ഞു. മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സേനയിൽ നിന്നും പുറത്താക്കണം. കേസിൽ പോലീസുകാരെ രക്ഷപ്പെടുത്താൻ ശ്രമം നടന്നു. കേരളത്തിലേത് നാണംകെട്ട പോലീസ് സേനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഇതുവരെ സ്വീകരിച്ച നടപടികൾ എല്ലാം ശരിയാണ്. കൂട്ടായ തീരുമാനമാണ് എടുത്തത്. ഇതിന്റെ പേരിൽ തനിക്കെതിരെ സൈബർ ഇടതിൽ ആക്രമണം നടക്കുന്നു. എന്നാൽ പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കെടിയു, ഡിജിറ്റല്‍ വിസി നിയമന നടപടിയില്‍ നിന്നു മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി വേണം. സെര്‍ച്ച് കമ്മിറ്റി പേരുകള്‍ നല്‍കേണ്ടത് ചാന്‍സലർക്കാണ്. വിസി നിയമന പ്രക്രിയയില്‍ നിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കണം. സുപ്രീംകോടതി ഉത്തരവ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഇതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോര് വീണ്ടും മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടങ്ങിയത്.
Kerala
തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ രാജേഷ് കൃഷ്ണ 'അവതാര'മാണെന്നും പാർട്ടി കോൺഗ്രസിൽ നിന്നും ഒഴിവാക്കിയ ആളാണെന്നും സതീശന് പറഞ്ഞു.
കത്തുവിവാദം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും നേതാക്കൾ ഒഴിഞ്ഞു മാറുകയാണ്. രാജേഷിനും നേതാക്കള്‍ക്കും സുഹൃദ്ബന്ധമാകാം, സംശയകരമായ ഇടപാടുകളാണ് പ്രശ്നം. രാജേഷ് കൃഷ്ണ കേരളത്തിലെ പദ്ധതികളുടെ ഇടനിലക്കാരന് ആണോയെന്ന സംശയവും സതീശൻ ഉന്നയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെയാണ് ആരോപണം. രാജേഷ് കൃഷ്ണയെ അറിയില്ലെന്ന് ആരോപണ വിധേയരായ ആരും പറഞ്ഞിട്ടുമില്ല. നേതാക്കളില്‍ തോമസ് ഐസക് മാത്രമാണ് എതിര്ത്തിരിക്കുന്നതെന്നും അദ്ദേഹത്തിനെതിരേ ഗുരുതര ആരോപണമില്ലെന്നും സതീശന് ചൂണ്ടിക്കാട്ടി. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരുന്ന കാലത്തെ പദ്ധതിയിലേക്ക് രാജേഷ് കൃഷ്ണ എന്തിന് പണമയച്ചു എന്നും അദ്ദേഹം ചോദിച്ചു.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 11.15 ഓടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെത്തിയത്.
വി.എസിനെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി മടങ്ങി. തിങ്കളാഴ്ച രാവിലെയാണ് ശ്വാസംമുട്ടലിനെ തുടർന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ഇതിനിടെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായി. ഇപ്പോള്‍ കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം.